തിരുവനന്തപുരം: സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. എന്നാൽ, ചടങ്ങിൽ വിതരണം ചെയ്ത സർക്കാർ തയ്യാറാക്കിയ അച്ചടിച്ച പ്രസംഗം വായിക്കാൻ അദ്ദേഹം തയ്യാറായില്ല. സർക്കാർ തയ്യാറാക്കുന്ന പ്രസംഗം വായിക്കാതെ വിട്ടത് സർക്കാരിനോടുള്ള അതൃപ്തിയുടെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.(Governor hoists flag on Republic Day, Didn't read printed speech)
അടുത്തിടെ നിയമസഭയിൽ നടന്ന നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട തർക്കം കൂടുതൽ രൂക്ഷമാകുകയാണ്. നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൂർണ്ണരൂപവും ആവശ്യപ്പെട്ട് രാജ്ഭവൻ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി.
ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ പരസ്യമായി വിമർശിച്ചിരുന്നു. ഇത് ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ട്. വാസ്തവവിരുദ്ധമായ കാര്യങ്ങൾ ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നതാണെന്നും, അതുകൊണ്ടാണ് ചില ഭാഗങ്ങൾ വായിക്കാതിരുന്നതെന്നുമാണ് ഗവർണറുടെ നിലപാട്.
പരേഡ് പരിശോധിക്കുന്നതിനും അഭിവാദ്യം സ്വീകരിക്കുന്നതിനും ഗവർണർ കൃത്യമായി പങ്കെടുത്തുവെങ്കിലും, നയപരമായ പ്രസംഗത്തിൽ നിന്ന് വിട്ടുനിന്നത് പോര് മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ്.