തിരുവനന്തപുരം: കോർപ്പറേഷനിലെ കൗൺസിലർമാരുടെ പ്രത്യേക യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. നാളെ വൈകീട്ട് 3 മണി മുതൽ 5 മണി വരെ ലോക്ഭവനിലാണ് യോഗം നടക്കുന്നത്. നഗരസഭയിലെ 100 കൗൺസിലർമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.(Governor calls meeting of All 100 councilors of Thiruvananthapuram Corporation)
ആദ്യമായാണ് ഒരു ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരുടെ മുഴുവൻ യോഗം ലോക്ഭവനിൽ വിളിച്ചുകൂട്ടുന്നത്. തലസ്ഥാന നഗരിയുടെ സമഗ്ര വികസനം, നഗരം നേരിടുന്ന വെല്ലുവിളികൾ എന്നിവ യോഗത്തിൽ ചർച്ചയാകും. ഭരണകക്ഷിയായ ബിജെപിയിലെയും പ്രതിപക്ഷത്തെ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളെയും ഒരേപോലെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മേയറായി ചുമതലയേറ്റ ശേഷം വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ഗവർണറെ സന്ദർശിച്ച വേളയിലാണ് ഇത്തരമൊരു യോഗത്തെക്കുറിച്ചുള്ള താത്പര്യം ഗവർണർ പ്രകടിപ്പിച്ചത്.