നിയമ പോരാട്ടത്തിനിടെ മഞ്ഞുരുകിയോ ?: ഗവർണറും മന്ത്രി ശിവൻകുട്ടിയും ഒരേ കാറിൽ, ഒരേ പാത്രത്തിൽ പപ്പായ കഴിച്ച് സൗഹൃദം പങ്കിട്ടു | Governor

ആദ്യം ഗവർണറും പിന്നാലെ മന്ത്രിയും സ്കൂളിലെത്തി
നിയമ പോരാട്ടത്തിനിടെ മഞ്ഞുരുകിയോ ?: ഗവർണറും മന്ത്രി ശിവൻകുട്ടിയും ഒരേ കാറിൽ, ഒരേ പാത്രത്തിൽ പപ്പായ കഴിച്ച് സൗഹൃദം പങ്കിട്ടു | Governor
Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിലുള്ള വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട നിയമയുദ്ധം കടുക്കുന്നതിനിടെ, ഗവർണറും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും സൗഹൃദം പങ്കിട്ടത് ശ്രദ്ധേയമായി. ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ചും ഒരേ കാറിൽ ഒരുമിച്ച് യാത്ര ചെയ്‌തുമാണ് ഇരുവരും രാഷ്ട്രീയ അകലം കുറച്ചത്.(Governor and Minister Sivankutty shared friendship by eating papaya in the bowl)

ഈ അപൂർവ്വ കാഴ്ച അരങ്ങേറിയത് കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ അവസരത്തിലാണ്. ആദ്യം ഗവർണറും പിന്നാലെ മന്ത്രിയും സ്കൂളിലെത്തി. ചടങ്ങിന് മുൻപായി സ്കൂളിൽ ഒരുക്കിയ ചായ സത്കാരത്തിൽ ഇരുവരും അടുത്തിരുന്നു. മന്ത്രി ശിവൻകുട്ടി പപ്പായ നിറഞ്ഞ പ്ലേറ്റ് ഗവർണർക്ക് നേരെ നീട്ടി. ഗവർണർ ചിരിച്ചുകൊണ്ട് അത് സ്വീകരിക്കുകയും പരസ്പരം ക്ഷേമാന്വേഷണങ്ങൾ നടത്തുകയും ചെയ്തു.

തുടർന്ന്, വേദിയിലേക്കുള്ള ദൂരം തന്റെ കാറിൽ യാത്ര ചെയ്യാമെന്ന ക്ഷണം ഗവർണർ മന്ത്രിക്ക് നൽകി. ഈ ക്ഷണം സ്വീകരിച്ച് മന്ത്രി ഗവർണറുടെ കാറിൽ കയറി. ആഘോഷവേദിയിൽ ഗവർണറുടെ കാർ വന്നുനിന്നപ്പോൾ ആരും പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു കാറിൽനിന്നുള്ള മന്ത്രിയുടെ എൻട്രി. പരിപാടി കഴിഞ്ഞിറങ്ങുമ്പോഴും മന്ത്രി ശിവൻകുട്ടി ഗവർണർക്കൊപ്പം എത്തുകയും യാത്രയാക്കുകയും ചെയ്തു.

ഗവർണറും മന്ത്രിയും തമ്മിലുള്ള ബന്ധം മുൻപ് ചില വിവാദങ്ങൾ കാരണം വഷളായിരുന്നു. നേരത്തേ ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതിഷേധിച്ച് ലോക്ഭവനിൽ നടന്ന പരിപാടി ബഹിഷ്കരിച്ച് മന്ത്രി ശിവൻകുട്ടി വേദി വിട്ടത് വലിയ ചർച്ചയായിരുന്നു. പിന്നീട്, ഓണാഘോഷ റാലി ഫ്ളാഗ്ഓഫ് ചെയ്യാൻ മന്ത്രി നേരിട്ടെത്തി ഗവർണറെ ക്ഷണിച്ച് മഞ്ഞുരുക്കിയിരുന്നു. സ്കൂൾ കായികമേളയുടെ സമാപനത്തിൽ ഗവർണറെ പങ്കെടുപ്പിച്ചതും ഇരുവരും തമ്മിലുള്ള അകൽച്ച കുറയ്ക്കാൻ സഹായകമായി.

Related Stories

No stories found.
Times Kerala
timeskerala.com