
ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിൽ ഇന്ന് ആരംഭിക്കുന്ന സൗത്ത് സോൺ ജൂനിയർ അത്‌ലറ്റിക്സിൽ മത്സരിക്കുന്ന കേരളത്തിലെ താരങ്ങൾക്ക് യാത്രക്കൂലി പോലും നൽകാൻ സർക്കാർ തയ്യാറായില്ല. ഇതോടെ അത്‌ലറ്റിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയ 26 പേർ പങ്കെടുക്കുന്നില്ല. ബാക്കിയുള്ള 114 പേർ സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കിയാണ് മത്സരത്തിനു പോയത്.
അത്‌ലറ്റിക്സിൽ പങ്കെടുക്കാൻ 140 അത്‌ലീറ്റുകളാണ് കേരളത്തിൽ നിന്ന് യോഗ്യത നേടിയത്. എന്നാൽ സർക്കാരിന്റെ കായിക ഏജൻസിയായ കേരള സ്പോർട്സ് കൗൺസിൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇവർക്ക് യാത്ര ടിക്കറ്റോ ഭക്ഷണ–താമസ അലവൻസോ നൽകാൻ തയ്യാറായില്ല. സ്വന്തം നിലയ്ക്കു പോകുന്നതിനാൽ പല കുട്ടികൾക്കൊപ്പവും രക്ഷിതാക്കളും പോയിട്ടുണ്ട്.
യാത്രയ്ക്കും 3 ദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമായി ഓരോ കുട്ടിക്കും കുറഞ്ഞത് 10,000 രൂപയ്ക്കു മുകളിൽ ചെലവാക്കേണ്ട സാഹചര്യമാണ്. നിർധന കുടുംബത്തിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. കടം വാങ്ങിയും മറ്റുമാണു പലരും കേരളത്തിനായി മത്സരിക്കാനിറങ്ങുന്നത്. അതിനും കഴിയാത്തവരാണ് യോഗ്യത നേടിയിട്ടും പോകാനാവാതെ മത്സരം ഉപേക്ഷിച്ചത്.