തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ വാക്പോര് രൂക്ഷമായി. ഇതിനിടെ, പ്രഖ്യാപന പരിപാടിക്കും പത്രപരസ്യങ്ങൾക്കുമായി സർക്കാർ ഒന്നരക്കോടി രൂപ വകമാറ്റിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. ഷെൽറ്റർ നിർമ്മിക്കാൻ നീക്കിവെച്ച തുകയിൽ നിന്നാണ് ഈ തുക വകമാറ്റിയത്.(Government spends Rs 1.5 crore on Kerala free from extreme poverty campaign)
അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം 'തട്ടിപ്പാണെന്ന്' ആരോപിച്ച് പ്രതിപക്ഷം പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്കരിച്ചിരുന്നു. ചട്ടങ്ങൾ ലംഘിച്ച് സഭ ചേർന്നതിലൂടെ സഭയെയും സർക്കാരിനെയും അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
"അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിനെ പ്രതിപക്ഷം ഭയപ്പെടുന്നത് എന്തിനാണ്? പ്രഖ്യാപനത്തെ തട്ടിപ്പെന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടാണ്. നടപ്പാക്കാൻ കഴിയുന്ന കാര്യമാണ് ഞങ്ങൾ പറയാറുള്ളത്," എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന് മറുപടി നൽകി.
പ്രതിപക്ഷത്തിൻ്റെ ബഹിഷ്കരണത്തെ പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് വിമർശിച്ചു. "ചരിത്രം ഇവരെ കുറ്റക്കാരെന്ന് വിധിക്കുമെന്ന" രൂക്ഷമായ ഭാഷയിലായിരുന്നു മന്ത്രിയുടെ വിമർശനം. പ്രഖ്യാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അതിവിപുലമായ പൊതുസമ്മേളനം ആണ് നടക്കുന്നത്. നടൻ മമ്മൂട്ടി ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
നടന്മാരായ മോഹൻലാലും കമൽഹാസനും വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കാരണം പൊതുസമ്മേളനത്തിൽ പങ്കെടുക്കില്ല.