

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വിതരണത്തിൽ സമയക്രമം നിശ്ചയിക്കാനാകില്ലെന്ന് കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ക്ഷാമബത്ത നിയമപ്രകാരം നൽകേണ്ട ആനുകൂല്യമല്ലെന്നും, അത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നുമാണ് സർക്കാരിന്റെ വാദം. ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി നൽകിയത്.(Government moves High Court citing economic crisis on dearness allowance distribution )
ശമ്പള പരിഷ്കരണം, അലവൻസുകൾ, ക്ഷാമബത്ത എന്നിവ നൽകുന്നത് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും നയങ്ങളും അനുസരിച്ചാണ്. ഇതിൽ കോടതി ഇടപെടലിന് പരിമിതിയുണ്ടെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. 22,226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിധി വന്നാൽ മാത്രമേ അടുത്ത നടപടി സാധ്യമാകൂ. ക്ഷാമബത്ത ലഭിക്കുന്നത് ജീവനക്കാരുടെ അവകാശമായി കാണാനാവില്ല. ബംഗാൾ സർക്കാരുമായി ബന്ധപ്പെട്ട കേസിൽ 'അനന്തമായി കാത്തിരിക്കരുത്' എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും പണം നൽകാൻ നിർബന്ധിച്ചിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
സമൂഹത്തിലെ പാവപ്പെട്ടവരുടെ ആവശ്യങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. എല്ലാവരുടെയും താൽപ്പര്യം പരിഗണിച്ചേ ക്ഷാമബത്തയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. 2023 ജൂലൈ മുതൽ ആറ് ഗഡുക്കളിലായി 15 ശതമാനം ക്ഷാമബത്തയാണ് നിലവിൽ കുടിശികയായിട്ടുള്ളത്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പോലും ക്ഷാമബത്ത തടഞ്ഞുവെച്ചിരുന്നതായും ആ കുടിശിക പിന്നീട് നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ഓർമ്മിപ്പിച്ചു.