കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പെൻഷൻ സീലിങ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.ജി.എം.സി.ടി.എ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.(Government medical college doctors to strike today)
ഒപി സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും ഇന്ന് നടക്കില്ല. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണയും സത്യഗ്രഹവും നടക്കും.
അതേസമയം, അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ലേബർ റൂം തുടങ്ങിയ അടിയന്തര വിഭാഗങ്ങൾ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യുന്നതിലെ താമസം, ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻ സീലിങ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക എന്നിവയാണ് ആവശ്യങ്ങൾ. വാഗ്ദാനങ്ങൾ നൽകി മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സർക്കാർ വഴങ്ങാത്ത പക്ഷം സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. ഫെബ്രുവരി 2 മുതൽ അനിശ്ചിതകാല ഒപി, അധ്യാപന ബഹിഷ്കരണം നടത്തും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കും. ഫെബ്രുവരി 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികൾ ബഹിഷ്കരിക്കും.