തിരുവനന്തപുരം : ശബരിമല ശ്രീകോവിൽ വിറ്റുകാശാക്കാൻ പിണറായി സർക്കാർ കൂട്ടുനിന്നുവെന്നു ബിജെപി നേതാവ് വി. മുരളീധരൻ. ശബരിലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിബിഐയെക്കൊണ്ട് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയ്യപ്പഭക്തരുടെ വിശ്വാസത്തെ ഇടതുസർക്കാർ വിൽപ്പനച്ചരക്കാക്കി. ശബരിമല ഒരു ഹിന്ദുക്ഷേത്രമായതിനാലാണ് ഇങ്ങനെ ചെയ്തത്. മറ്റേതെങ്കിലും വിശ്വാസത്തെ ഇത്ര ലാഘവത്തോടെ സർക്കാർ കൈകാര്യം ചെയ്യുമോ. ശബരിമലയിലെ ആചാരലംഘനം നടന്ന കാലയളവിൽ തന്നെയാണു ശ്രീകോവിലിലെ സ്വർണക്കൊള്ളയെന്നതു ചേർത്തു വായിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.
ശബരിമല ശ്രീകോവിലിന്റെ ഭാഗങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടു നടന്നത് ആരുടെ അനുമതി വാങ്ങിയാണെന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയണം. ക്രിമിനൽ കേസിലെ പ്രതിയാണു ഉണ്ണിക്കൃഷ്ണൻ പോറ്റി.അങ്ങനെയൊരാൾ ശബരിമലയിലെ മുഖ്യനായി മാറിയതു സർക്കാർ അറിവോടെ. ഉണ്ണികൃഷ്ണൻ പോറ്റി പിണറായി വിജയന്റെ ചെവിയിൽ സ്വകാര്യം പറയുന്ന ഫോട്ടോ തെളിയിക്കുന്നത് ഉന്നതസ്വാധീനമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.