
തിരുവനന്തപുരം : കീം 2025 റാങ്ക് ലിസ്റ്റിൽ കോടതി നിർദ്ദേശം അംഗീകരിച്ച് പഴയ ഫോർമുലയിലേക്ക് മാറുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു.ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സർക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേൽക്കോടതികളിൽ പോയാൽ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീൽ പോകാത്തത്.ഓഗസ്റ്റ് പതിനാലിന് മുന്‍പ് അഡ്മിഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കണം. സമയപരിമിതിയുള്ളതുകൊണ്ടാണ് പഴയ ഫോര്‍മുലയില്‍ റാങ്ക് ലിസ്റ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചത്.
കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് ഇത്തവണത്തെ എഞ്ചിനീയറിംഗ് പ്രവേശനം പഴയ ഫോർമുലയിൽ തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.