

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പെൻഷൻ വിതരണത്തിനായി 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.(Government has allocated Rs 74.34 crore for KSRTC pension distribution, says Finance Minister)
ഈ സാമ്പത്തിക വർഷം ഇതുവരെ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച സർക്കാർ സഹായം 933.34 കോടി രൂപയാണ്. ഇതിൽ, പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിനായി 583.44 കോടി രൂപയുമാണ് നൽകിയിട്ടുള്ളത്.
ഈ വർഷത്തെ ബജറ്റിൽ കോർപ്പറേഷന് വകയിരുത്തിയിട്ടുള്ളത് 900 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ച 900 കോടി രൂപയ്ക്ക് പുറമെ 676 കോടി രൂപ അധികമായും സർക്കാർ സഹായമായി കോർപ്പറേഷന് ലഭിച്ചിരുന്നു.
കെ.എസ്.ആർ.ടി.സിക്ക് വിവിധ സർക്കാരുകൾ നൽകിയ സഹായം സംബന്ധിച്ച കണക്കുകൾ ധനമന്ത്രി അവതരിപ്പിച്ചു. നിലവിലെ സർക്കാരിൻ്റെ കാലത്ത് ഇതുവരെ 7904 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സഹായമായി ലഭിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലഭിച്ച 5002 കോടി രൂപയും ചേർത്താൽ, ഒന്നും രണ്ടും പിണറായി സർക്കാരുകൾ കോർപ്പറേഷന് ആകെ 12,906 കോടി രൂപ സഹായമായി നൽകി. കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അഞ്ചു വർഷത്തിൽ ആകെ നൽകിയത് 1467 കോടി രൂപയാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.