

ഗാർഹിക തലത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2026 ഉദ്ഘാടനം ചെയ്തുകൊണ്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിനായി നാനോ- ഗാർഹിക വ്യവസായങ്ങളെ വ്യവസായ താരിഫിൽ നിന്ന് മാറ്റി ഗാർഹിക താരിഫിന്റെ പരിധിയിൽ ഉൾപെടുത്താൻ തീരുമാനിച്ചട്ടുണ്ടെന്ന പ്രഖ്യാപനവും ചടങ്ങിൽ നടത്തി. കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേർന്ന് കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കൺവെൻഷൻ സെന്ററില്‍ സംഘടിപ്പിക്കുന്ന എക്‌സ്‌പോയുടെ രണ്ടാമത് പതിപ്പ് നൂതനാശയങ്ങളും വ്യാവസായിക സഹകരണവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
‘വ്യാവസായിക മേഖലയ്ക്ക് തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിലൂടെ വ്യവസായ സൗഹൃദപരമായ ഒരു അന്തരീക്ഷം ഒരുക്കാൻ സംസ്ഥാന സർക്കാരിനായി. കഴിഞ്ഞ 10 വർഷമായി പവർകട്ട്, ലോഡ്ഷെഡിങ് എന്നിവ ഉണ്ടായിട്ടില്ല എന്നത് ചെറിയ നേട്ടമല്ല. പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിന് വ്യവസായ സ്ഥാപനങ്ങൾക്ക് 10% നിരക്കിളവ് നല്കാൻ സാധിച്ചട്ടുണ്ട്. ഇത് കൂടാതെ മറ്റ് സമയങ്ങളിലെ ഉപയോഗത്തിനും കൂടി ഇളവ് കൊടുക്കന്നതിനെ പറ്റി ആലോചന ഉണ്ട്.' മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പതിനായിരത്തിലധികം കെഎസ്എസ്ഐഎ അംഗങ്ങളായ വ്യവസായികൾ പങ്കെടുക്കുന്ന വ്യവസായി മഹാസംഗമം ജനുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അഞ്ഞൂറോളം സ്റ്റാളുകളിലായി അമ്പതിനായിരത്തോളം ഉത്പന്നങ്ങൾ പരിചയപ്പെടുത്തന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ എക്‌സ്‌പോയിൽ ഇതിനകം ഇരുപതിനായിരം സന്ദർശകർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ആധുനിക ഓട്ടോമാറ്റിക് മെഷിനറി, എഞ്ചിനീയറിംഗ്, ഫുഡ്, കെമിക്കൽ, പ്ലാസ്റ്റിക്, ഓയിൽ, ഗ്യാസ്, റബ്ബർ, കശുവണ്ടി, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകളുള്ള എക്‌സ്‌പോ, ഇന്ത്യയിലുടനീളമുള്ളതും വിദേശത്തുമുള്ള പ്രദർശകർക്ക് അവരുടെ അത്യാധുനിക ഉൽപ്പന്നങ്ങളും നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുന്നു. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയനും മേളയുടെ പ്രധാന ആകർഷണമാണ്. വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായുള്ള ഹെല്‍പ് ഡെസ്‌കുകള്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി, വിവിധ ബാങ്കുകളുടെ ഹെല്‍പ്പ്‌ഡെസ്‌കുകൾ എന്നിവ ഉണ്ടാകും.
എക്സ്പോയോട് അനുബന്ധിച്ച് 'ദൃശ്യതയിലൂടെ വിശ്വാസ്യതയിലേക്ക്: മാധ്യമങ്ങൾ ബിസിനസ്സ് വിജയത്തെ എങ്ങനെ രൂപപ്പെടുത്തുന്നു' എന്ന വിഷയത്തിൽ മാധ്യമസംഗമവും നടന്നു.
"വ്യാവസായിക വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനും സംരംഭകത്വം വളർത്തുന്നതിനുമുള്ള ഒരു മികച്ച വേദിയായിരിക്കും ഈ മൂന്ന് ദിവസത്തെ മെഗാ എക്സ്പോ. കേരളത്തിലേക്ക് വ്യവസായികളെ ആകർഷിക്കുകയും ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം," കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ പറഞ്ഞു.
രണ്ടാം ദിവസമായ നാളെ 'അടിസ്ഥാന തലത്തിൽ വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിർവ്വഹണവും ഭരണവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു നടക്കുന്ന സെമിനാർ സംസ്ഥാന തദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എംഎല്‍എമാര്‍, അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര എംഎസ്എംഇ ഡയറക്ടർ, വ്യവസായ വാണിജ്യ ഡയറക്ടര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍, വ്യവസായ ബിസിനസ് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും. സെമിനാറുകള്‍, ചര്‍ച്ചകള്‍, വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിക്കും.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മറ്റ് പ്രമുഖർ: ചാലക്കുടി എം. പി ബെന്നി ബെഹ്‌നാൻ, അങ്കമാലി എംഎൽഎ റോജി എം. ജോൺ, കെഎസ്എസ്ഐഎ മുൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ വി.കെ.സി. മമ്മദ് കോയ, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ഐഐഐഇ 2026 ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, എറണാകുളം ഡിഐസി ജിഎം പി.എ. നജീബ്, കെ-ബിപ് സിഇഒ സൂരജ് എസ്, മെട്രോ മാർട്ട് എംഡി സിജി നായർ, തൃശൂർ എംഎസ്എംഇ ഡിഎഫ്ഒ അസിസ്റ്റന്റ് ഡയറക്ടർ യു.സി. ലചിത മോൾ, കെഎസ്എസ്ഐഎ മുൻ സംസ്ഥാന പ്രസിഡന്റുമാരായ ദാമോദർ അവനൂർ, എ.പി.എം. അബ്ദുൾ റഹീം, കെഎസ്എസ്ഐഎ ജനറൽ സെക്രട്ടറി ജോസഫ് പൈകട, കെഎസ്എസ്ഐഎ സംസ്ഥാന ട്രഷറർ ബി. ജയകൃഷ്ണൻ, കെഎസ്എസ്ഐഎ വൈസ് പ്രസിഡന്റുമാരായ എ. ഫസിലുദീൻ, പി.ജെ. ജോസ്, എ.വി. സുനിൽനാഥ്, കെഎസ്എസ്ഐഎ സംസ്ഥാന സെക്രട്ടറിമാരായ എം.എസ്. അനസ്, എം.എം. മുജീബ് റഹിമാൻ, അൻവർ കെ.വി., കെഎസ്എസ്എഫ് ചെയർമാൻ ഖാലിദ് എം., കെഎസ്എസ്ഐഎ ചീഫ് ന്യൂസ് എഡിറ്റർ എസ്. സലിം