തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് (K-TET) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും സർക്കാർ റദ്ദാക്കി.(Government cancels exemptions, K-TET mandatory for teacher recruitment)
സെറ്റ് (SET), നെറ്റ് (NET), എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന മുൻ ഉത്തരവ് റദ്ദാക്കി. ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും ഇവർക്കും കെ-ടെറ്റ് നിർബന്ധമാണ്. ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് (HSST) ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ കെ-ടെറ്റ് കാറ്റഗറി-III യോഗ്യത ഇനി ആവശ്യമാണ്.
എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ പരിഗണിക്കുകയുള്ളൂ. എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. എന്നാൽ ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി III തന്നെ വേണം.
കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. പുതിയ ഉത്തരവ് നിലവിൽ സർവീസിലുള്ള ആയിരക്കണക്കിന് അധ്യാപകരുടെ സ്ഥാനക്കയറ്റത്തെയും ആനുകൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കും. കെ-ടെറ്റിന്റെ പേരിൽ സ്ഥാനക്കയറ്റം തടയില്ലെന്ന് മുൻപ് ഉറപ്പുനൽകിയ സർക്കാർ ഇപ്പോൾ അധ്യാപകരെ വഞ്ചിക്കുകയാണെന്ന് അധ്യാപക സംഘടനകൾ ആരോപിച്ചു.