

കൊച്ചി: ഇന്ത്യയിലുടനീളം ഓണ്‍ലൈനായും പ്രാദേശികമായും വില്‍ക്കുന്ന അനധികൃത കൊതുക് നിവാരണ അഗര്‍ബത്തികള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്ത് ഹോം ഇന്‍സെക്റ്റ് കണ്‍ട്രോള്‍ അസോസിയേഷന്‍ (എച്ച്‌ഐസിഎ). വീടുകളില്‍ ഉപയോഗിക്കുന്ന കീടനാശിനികളുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്‌ഐസിഎ. കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലാണ് അനധികൃത കൊതുക് നിവാരണ അഗര്‍ബത്തികള്‍ വ്യാപകമായി ലഭ്യമാവുന്നത്.
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടന്ന റെയ്ഡില്‍ മെപെര്‍ഫ്‌ലൂത്രിന്‍ എന്ന അംഗീകാരമില്ലാത്ത രാസവസ്തു കണ്ടെത്തിയതിന് പിന്നാലെ, കൊതുക് നിവാരണ അഗര്‍ബത്തികള്‍ വാങ്ങുമ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എച്ച്‌ഐസിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ അനധികൃത കൊതുക് നിവാരണ അഗര്‍ബത്തി വിപണി ഏകദേശം 1600 കോടി രൂപയിലധികം വരും, ദക്ഷിണേന്ത്യയില്‍ മാത്രം 370 കോടി രൂപയുടെ അനധികൃത കൊതുക് നിവാരണ അഗര്‍ബത്തികള്‍ നിര്‍മിക്കുന്നുണ്ട്. അനധികൃത അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും, ഉല്‍പ്പന്നത്തിന്റെ സുരക്ഷിതത്വവും ആധികാരികതയും ഉറപ്പാക്കുന്നതിന് പായ്ക്കറ്റില്‍ സിഐആര്‍ (സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് രജിസ്‌ട്രേഷന്‍) നമ്പര്‍ രേഖപ്പെടുത്തിയ സര്‍ക്കാര്‍ അംഗീകൃതമായ കൊതുക് നിവാരണ ഉല്‍പ്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുക്കണമെന്നും ഹോം ഇന്‍സെക്റ്റ് കണ്‍ട്രോള്‍ അസോസിയേഷന്‍ ഓണററി സെക്രട്ടറി ജയന്ത് ദേശ്പാണ്ഡെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അനധികൃത അഗര്‍ബത്തികളുടെ ഉപയോഗം ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും എച്ച്‌ഐസിഐ മുന്നറിയിപ്പ് നല്‍കി.