കായംകുളം : കായംകുളത്ത് കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് പൊട്ടിച്ച കേസിൽ ഗുണ്ടകൾ അറസ്റ്റിൽ. ചേപ്പാട് കന്നിമേൽ ഷജീന മൻസിൽ ഷാജഹാൻ(39), മുതുകുളം ചിറ്റേഴത്ത് വീട്ടിൽ ആന ശരത് എന്ന് വിളിക്കുന്ന ശരത് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
വ്യാഴാഴ്ചഉച്ചയ്ക്ക് ഒരു മണിയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓർഡിനറി ബസിന് നേരെ ആക്രമണം ഉണ്ടായത്.വഴി ഒഴിഞ്ഞു കൊടുത്തില്ലെന്ന പേരിൽ ബൈക്കിൽ വന്ന പ്രതികൾ ഹെൽമെറ്റ് വലിച്ചെറിഞ്ഞ് ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയായിരുന്നു.
സംഭവത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ കനകക്കുന്ന് പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.