പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് റെയിൽവേ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മംഗലാപുരത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് സിമന്റുമായി പോവുകയായിരുന്ന ട്രെയിനാണ് ഇന്ന് രാവിലെ 11.30 ഓടെ അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള അഞ്ച് പ്രധാന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു.(Goods train derails in Palakkad, Trains running late)
ഷൊർണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പാളം തെറ്റിയ ബോഗി തിരികെ പാളത്തിൽ കയറ്റി. ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, കോഴിക്കോട് - പാലക്കാട് എക്സ്പ്രസ്, കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ലോകമാന്യ തിലക് - കൊച്ചുവേളി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.