തിരുവനന്തപുരം : ഗോൾഡൻവാലി നിധി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി തമ്പാനൂർ പൊലീസ്. കേസിൽ ഉപാധികളോടെ കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതി സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്ണനെ (51) നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ വീണ്ടും അറസ്റ്റ് ചെയ്തത്.
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്കു കടന്ന മുഖ്യപ്രതിയെ കഴിഞ്ഞ 29ന് തമ്പാനൂർ പൊലീസ് സംഘം ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. തുടർന്ന് റിമാൻഡിലായ താര കോടതിയിൽ പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഇവർ പണം നൽകാത്തതിനെ തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കൂടുതൽ പരാതി ലഭിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.ഇവരോടൊപ്പമുള്ള മറ്റ് 2 ഡയറക്ടർമാർക്കു വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.