പ്രത്യാശയുടെ പൊൻപുലരി: കേരളത്തിൽ ഭക്തിനിർഭരമായ ക്രിസ്മസ് ആഘോഷം | Christmas

സഭാ മേലധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ
പ്രത്യാശയുടെ പൊൻപുലരി: കേരളത്തിൽ ഭക്തിനിർഭരമായ ക്രിസ്മസ് ആഘോഷം | Christmas
Updated on

തിരുവനന്തപുരം: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ തിരുപ്പിറവി സ്മരണയിൽ കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാകുർബാനകളിലും പ്രത്യേക പ്രാർത്ഥനകളിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുചേർന്നത്.(Golden Dawn of Hope, Devotional Christmas Celebration in Kerala)

സംസ്ഥാനത്തെ പ്രമുഖ ദേവാലയങ്ങളിൽ സഭാ മേലധ്യക്ഷന്മാർ തിരുപ്പിറവി കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജാതിമത വ്യത്യാസമില്ലാതെ ലോകം മുഴുവൻ ക്രിസ്മസ് ഏറ്റെടുത്തുവെന്നും എല്ലാവർക്കും പ്രത്യാശയുടെ തീർത്ഥാടകരാകാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തെ അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

കൊല്ലം ഇടമൺ സെന്റ് മേരിസ് പള്ളിയിൽ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും, ആരക്കുന്നം സെന്റ് ജോർജ്ജ് പള്ളിയിൽ യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവയും കാർമികത്വം വഹിച്ചു. ക്രിസ്മസ് ദിന സന്ദേശങ്ങളിൽ സമൂഹത്തിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സഭാ മേലധ്യക്ഷന്മാർ ശക്തമായി പ്രതികരിച്ചു.

"മർദ്ദിക്കാനും ഭയപ്പെടുത്താനും പലർക്കും കഴിഞ്ഞേക്കാം, എന്നാൽ ചേർത്തുനിർത്താനും ധൈര്യപ്പെടുത്താനും നമുക്ക് കഴിയണം. വെറുപ്പ് പടർത്തുന്നവരുടെ ഹൃദയങ്ങളിൽ വെളിച്ചമുണ്ടാകാൻ പ്രാർത്ഥിക്കാം." - കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം അത്യന്തം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.

Related Stories

No stories found.
Times Kerala
timeskerala.com