തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണ്ണ പാളികളിൽ നിന്ന് സ്വർണ്ണം കവർന്നുവെന്ന ആരോപണം ശരിവെക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്. വി എസ് എസ് സി തയ്യാറാക്കിയ റിപ്പോർട്ടിലാണ് സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായതായി കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.(Gold theft confirmed at Sabarimala, VSSC scientific investigation report in High Court tomorrow)
ശബരിമലയിലെ കട്ടിള, ദ്വാരപാലക ശില്പങ്ങൾ എന്നിവയിലെ സ്വർണ്ണ പാളികളിലാണ് കുറവ് കണ്ടെത്തിയത്. 1998-ൽ സ്വർണ്ണം പൊതിഞ്ഞ മറ്റ് ഭാഗങ്ങളിലെ അളവുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ വ്യത്യാസം വ്യക്തമായത്.
വി.എസ്.എസ്.സിയിലെ വിദഗ്ധർ സ്വർണ്ണ പാളികളിൽ നിന്ന് നിശ്ചിത അളവ് മുറിച്ചെടുത്താണ് ശാസ്ത്രീയ വിശകലനം നടത്തിയത്. ചെമ്പ് പാളികളിലെ സ്വർണ്ണത്തിന്റെ അളവ്, അതിന്റെ കനം, കാലപ്പഴക്കം എന്നിവ പരിശോധനയിൽ കൃത്യമായി തിട്ടപ്പെടുത്തിയിട്ടുണ്ട്.
ദ്വാരപാലക ശില്പം, കട്ടിളപ്പാളി എന്നിവയുൾപ്പെടെ ആകെ 15 സാമ്പിളുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതിയിൽ സീൽ ചെയ്ത കവറിൽ സമർപ്പിച്ച റിപ്പോർട്ട് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് മുഖേനയാണ് ഈ നിർണ്ണായക റിപ്പോർട്ട് നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.