കൊച്ചി: ഇന്ന് (ഒക്ടോബർ 21) രാവിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയ സ്വർണവില വൈകുന്നേരത്തോടെ കൂപ്പുകുത്തി. ഇന്ന് രാവിലെ കൂട്ടിയതിനേക്കാൾ കൂടുതൽ കുറഞ്ഞതോടെ ഒറ്റ ദിവസംകൊണ്ട് വിലയിലെ ചാഞ്ചാട്ടം നിക്ഷേപകർക്ക് അവിശ്വസനീയമായി.
വൈകുന്നേരം പവന് 1600 രൂപയും ഗ്രാമിന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,760 രൂപയായി. ഗ്രാമിന് 11,970 രൂപ എന്ന നിലയിലുമെത്തി.ഇന്ന് രാവിലെ ഗ്രാമിന് 190 രൂപ വർധിച്ച് പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായിരുന്നു. ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്ക് തന്നെയായിരുന്നു ഇത്. ഒക്ടോബർ 17 നാണു എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയത് അന്ന് പവന് 2440 രൂപ വർധിച്ചാണ് (97,360 രൂപ). പിന്നീട് വില പടിപടിയായി കുറഞ്ഞ് 95,840 രൂപയിലേക്ക് എത്തിയിരുന്നു.
വിലയിടിവിന് കാരണം
ആഗോള വിപണിയിൽ വില കുറഞ്ഞതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. രാവിലെ ട്രോയ് ഔൺസിന് 4,340.29 ഡോളർ ഉണ്ടായിരുന്ന സ്പോട്ട് ഗോൾഡിന് വൈകുന്നേരത്തോടെ 1.88% ഇടിഞ്ഞ് 4,260.64 ഡോളറായി കുറഞ്ഞു.
സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ
നിലവിലെ വിലക്കുറവ് താൽക്കാലികമായ ഇടിവ് മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശ കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ സ്വർണ്ണത്തിലെ നിക്ഷേപം വർധിക്കാൻ സാധ്യതയുണ്ട്. ഇത് വരും ദിവസങ്ങളിൽ സ്വർണവില വീണ്ടും ഉയരാനിടയാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.