

കൊച്ചി : കേരളപ്പിറവി ദിനത്തിൽ രാവിലെ കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 200 രൂപ കുറഞ്ഞ് 90,200 രൂപ എന്ന നിലയിലും, ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Gold Price starts with a crash on Kerala Piravi)
രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നത് അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ്. സ്വർണ്ണത്തിൻ്റെ ആഗോള ഡിമാൻഡും വിതരണവും, ലോക സാമ്പത്തിക സ്ഥിതി, കേന്ദ്ര ബാങ്കുകളുടെ നയങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ രാജ്യാന്തര വിലയിൽ മാറ്റങ്ങൾ വരുത്തുന്നു.
ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്.
ആവശ്യമായ സ്വർണ്ണം രാജ്യത്ത് ഉത്പാദിപ്പിക്കാത്തതിനാൽ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുന്നു. ആഗോള വിലയ്ക്ക് പുറമെ, ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങളും ഉണ്ട്.
സ്വർണം അന്താരാഷ്ട്ര തലത്തിൽ ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ ഇറക്കുമതിച്ചെലവിനെ ബാധിക്കുകയും പ്രാദേശിക വിലയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കേന്ദ്രസർക്കാർ സ്വർണത്തിന് ചുമത്തുന്ന ഇറക്കുമതി തീരുവ (Import Duty) സ്വർണത്തിൻ്റെ ആഭ്യന്തര വിലയെ നേരിട്ട് സ്വാധീനിക്കുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കൊപ്പം ഈ ആഭ്യന്തര ഘടകങ്ങളും ചേരുമ്പോഴാണ് ഇന്ത്യയിലെ സ്വർണവില ദിവസേന നിശ്ചയിക്കപ്പെടുന്നത്.