

കോഴിക്കോട്: സ്വർണവിലയിൽ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് വൻ വർദ്ധനവ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 460 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,190 രൂപയായി ഉയർന്നു. പവന് ഇന്ന് മാത്രം കൂടിയത് 3,680 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,13,520 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ കടുത്ത അസ്ഥിരതയാണ് പ്രകടമാകുന്നത്. ചൊവ്വാഴ്ച മൂന്ന് തവണയായി കുതിച്ചുയർന്ന സ്വർണവില വൈകുന്നേരത്തോടെ നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ ആശ്വാസത്തിന് വക നൽകാതെ ഇന്ന് വീണ്ടും വില കുത്തനെ ഉയരുകയായിരുന്നു.
ഇന്നലെ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി പവന് 3,160 രൂപ കൂടിയ ശേഷം വൈകിട്ട് അഞ്ചുമണിയോടെ 540 രൂപ കുറഞ്ഞിരുന്നു. ഇതോടെ പവന് 1,09,840 രൂപയും ഗ്രാമിന് 13,730 രൂപയുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയിരുന്ന നിരക്ക്. എന്നാൽ ഇന്ന് ഒറ്റയടിക്ക് വില വീണ്ടും ഉയർന്ന് ഒരു ലക്ഷത്തി പതിമൂവായിരം കടന്നത് സാധാരണക്കാരായ ഉപഭോക്താക്കളെയും സ്വർണ്ണ വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്.
ആഗോള വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് സ്വർണവിലയിലെ ഈ അവിശ്വസനീയമായ കുതിപ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.