കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നു. ഇന്ന് പവന് 760 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,08,000 രൂപയായി ഉയർന്നു. ഗ്രാമിന് 95 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,500 രൂപ എന്ന പുതിയ നിരക്കിലെത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ ദൃശ്യമാകുന്ന അസാധാരണമായ വിലക്കയറ്റത്തിന്റെ തുടർച്ചയാണിത്. തിങ്കളാഴ്ച മാത്രം രണ്ട് തവണകളായി 1800 രൂപയാണ് വർധിച്ചത്. ജനുവരി 14-ന് രേഖപ്പെടുത്തിയ 1,05,600 രൂപ എന്ന റെക്കോർഡ് വിലയാണ് ഇന്നലത്തെയും ഇന്നത്തെയും വർധനവോടെ തിരുത്തിക്കുറിക്കപ്പെട്ടത്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വലിയ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണ്ണത്തെ കണക്കാക്കുന്നതും വൻകിട നിക്ഷേപകർ കൂട്ടത്തോടെ സ്വർണ്ണത്തിലേക്ക് തിരിയുന്നതും വില കുതിച്ചുയരാൻ കാരണമായി. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് കേരളത്തിൽ സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.