തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് മാത്രം പവന് 3,160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി ഉയർന്നു. ഗ്രാമിന് 395 രൂപ വർധിച്ച് 13,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്.മിഡിൽ ഈസ്റ്റിലടക്കം നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയാൻ കാരണമായി.
വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ കരുതൽ ശേഖരമായി സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്നത് അന്താരാഷ്ട്ര വിപണിയിൽ വില ഉയരാൻ ഇടയാക്കി.2026 ജനുവരി ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.
സ്വർണവില ഒരു ലക്ഷം കടന്നപ്പോൾ വിപണിയിൽ താഴ്ചയുണ്ടാകുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നത്. സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവരെയും ഈ വിലവർധനവ് വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.