

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഒറ്റ ദിവസത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാവിലെ പവന് 1400 രൂപ വർദ്ധിച്ച് 97,000 രൂപ കടന്നിരുന്നു. ഉച്ചയോടെ വീണ്ടും 400 രൂപ കൂടി ഉയർന്ന് സ്വർണവില സർവ്വകാല റെക്കോർഡ് മറികടക്കുകയായിരുന്നു. (Gold price hits all-time record)
ഇതോടെ, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 97,680 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 12,210 രൂപയാണ് വില. മൊത്തം 1800 രൂപയുടെ വർദ്ധനവാണ് ഇന്ന് മാത്രം ഒരു പവന് രേഖപ്പെടുത്തിയത്.
ഈ റെക്കോർഡ് വിലയിൽ, ഏറ്റവും കുറഞ്ഞ 5% പണിക്കൂലിയും 3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ, ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപയിൽ അധികം നൽകേണ്ടി വരും. സ്വർണ വിലയിലെ ഈ വൻ കുതിച്ചുചാട്ടം ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.