മലപ്പുറം: നിലമ്പൂർ വനമേഖലയിൽ ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് സ്വർണ്ണഖനനം നടത്തിയ ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. സ്വർണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വനത്തിനുള്ളിൽ ഖനന നീക്കം സജീവമാകുന്നു എന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.(Gold mining in Nilambur forest, Investigation to determine whether 7 arrested people received outside help)
നിലമ്പൂർ റേഞ്ചിലെ പനയംകോട് സെക്ഷനിൽ ഉൾപ്പെടുന്ന ആയിരവല്ലിക്കാവ് വനമേഖലയിലൂടെ ഒഴുകുന്ന ചാലിയാറിലാണ് ഖനനം നടന്നത്. വനംവകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് റേഞ്ച് ഓഫീസർ പി. സൂരജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു മിന്നൽ പരിശോധന.
പുഴയിലെ മണ്ണ് അരിച്ചെടുക്കാൻ ഉപയോഗിച്ചിരുന്ന ജനറേറ്റർ, മോട്ടോർ പമ്പ് സെറ്റുകൾ, മറ്റ് ഖനന ഉപകരണങ്ങൾ എന്നിവ വനപാലകർ കണ്ടെടുത്തു. മമ്പാട് സ്വദേശികളായ ഷമീം (43), അബ്ദുൽ റസാഖ് (56), സക്കീർ (53), അഷ്റഫ് (53), അലവിക്കുട്ടി (62), പന്താർ ജാബിർ (42), ടി.സി. സുന്ദരൻ (40) എന്നിവരെയാണ് പിടികൂടിയത്. നടപടികൾക്ക് ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.