തിരുവനന്തപുരം∙ ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ അഴിമതിയെക്കുറിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.
രാജ്യത്തുടനീളമുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മറ്റു ക്ഷേത്രങ്ങളിലെ ഭൂമിയുടെയും സ്വർണത്തിന്റെയും മോഷണത്തെക്കുറിച്ചുള്ള സമാനമായ വാർത്തകളും പുറത്തുവന്നിട്ടുണ്ട്. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, സ്വർണം പൂശുന്ന പ്രവൃത്തികളിലെ ഗുരുതരമായ തട്ടിപ്പുകൾ, സ്വർണത്തിന്റെ അളവിലുള്ള കുറവുകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വ്യവസ്ഥാപരമായ ക്രമക്കേടുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.
ശബരിമല ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാജയപ്പെട്ടു. ഇക്കാര്യം കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു.
കേരള പോലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, ആഭ്യന്തര മന്ത്രി തന്നെ മുഖ്യമന്ത്രിയായതിനാലും കേരള പോലീസ് നടത്തുന്ന അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല.അതിനാൽ ദേവസ്വം ബോർഡുകളിലും അതിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലും കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഒരു കേന്ദ്ര ഏജൻസിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.