

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് വയസ്സുകാരിയുടെ മാല മോഷണം പോയി. ചെമ്പ്ര സ്വദേശികളായ സൈഫുദ്ദീൻ - റിസ്വാന ഷെറിൻ ദമ്പതികളുടെ മകൾ ഷംസ ഷഹദിന്റെ മുക്കാൽ പവൻ സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. പനിയെത്തുടർന്ന് വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(Gold chain stolen from 2-year-old girl's neck at Tirur District Hospital)
ബുധനാഴ്ച രാത്രി കുട്ടിയും അമ്മയും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മോഷണം. ആശുപത്രിയുടെ മൂന്നാം നിലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിലാണ് ഇവർ ഉണ്ടായിരുന്നത്. വാർഡിൽ ലൈറ്റ് അണയ്ക്കരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും, കുട്ടി കരഞ്ഞ് അമ്മ ഉണർന്ന സമയത്ത് ലൈറ്റുകൾ അണച്ച നിലയിലായിരുന്നു.
കുട്ടിയുടെ കഴുത്തിൽ മാല ബലമായി പൊട്ടിച്ചെടുത്തതിനെത്തുടർന്നുള്ള ചുവന്ന പാടുകളുണ്ട്. രോഗികളുടെ സ്വകാര്യത മാനിച്ച് വാർഡുകൾക്കുള്ളിൽ സി.സി.ടി.വി സ്ഥാപിച്ചിട്ടില്ല. എന്നാൽ ആശുപത്രി കവാടത്തിലെ ക്യാമറയിൽ വൈകുന്നേരം കുട്ടിയുടെ കഴുത്തിൽ മാലയുള്ള ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
വിലപിടിപ്പുള്ള വസ്തുക്കൾ ആശുപത്രിയിൽ ധരിക്കരുതെന്നും സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. കവാടത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസിന് പൂർണ്ണ സഹകരണം നൽകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.