പത്തനംതിട്ട : പമ്പയിൽ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം സംഗമ വേദിയിൽ എത്തിയത് രാവിലെ 9.30ഓടെയാണ്.സംഗമത്തിന് തിരി തെളിയിച്ചത് തന്ത്രിയാണ്. (Global Ayyappa Sangamam in Sabarimala)
മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി വി എൻ വാസവൻ സ്വീകരിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിലാണ് വേദിയിലേക്ക് എത്തിയത്. ഉദ്‌ഘാടന സെഷൻ 11.30 വരെയാണ്.
രജിസ്‌ട്രേഷൻ നടപടികൾ രാവിൽ 6 മുതൽ ആരംഭിച്ചിരുന്നു. പമ്പാ തീരത്തും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യത്തേത് ശബരിമല മാസ്റ്റർ പ്ലാൻ സംബന്ധിച്ചതാണ്. ഇത് അവതരിപ്പിക്കുന്നത് ജയകുമാര്‍ ഐഎഎസ് ആണ്. പരിപാടിയിൽ മൂവായിരത്തിലേറെ ആളുകൾ പങ്കെടുക്കും. കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും പരിപാടി ബഹിഷ്‌കരിച്ചു. തമിഴ്‌നാട് സർക്കാർ മാത്രമാണ് ക്ഷണം സ്വീകരിച്ചത്.
ശബരിമല വേർതിരിവുകൾക്കും ഭേദചിന്തകൾക്കും അതീതമായ സ്ഥലമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.ശബരിമലയ്ക്ക് അതിൻറേതായ ഐതിഹ്യം ഉണ്ടെന്നും, അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണ്. ശബരി ഒരു തപസ്വിനിയായിരുന്നു, ഗോത്രസമൂഹത്തില്‍നിന്നുള്ള തപസ്വിനി ആയിരുന്നു എന്നും പിണറായി കൂട്ടിച്ചേർത്തു. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണന്മാർ അതുവഴി വരുന്നത് കാത്തിരുന്ന ശബരിയുടെ പേരിലാണു ആ സ്ഥലം അറിയപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ പ്രാർത്ഥന ഗീതം ആലപിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് സ്വാഗത പ്രസംഗവും, മന്ത്രി വി എൻ വാസവൻ അധ്യക്ഷ പ്രസംഗവും നടത്തി. തമിഴ്നാട് മന്ത്രിമാരായ പി.കെ.ശേഖർബാബു, പളനിവേൽ ത്യാഗരാജൻ, കേരളത്തിൽ നിന്നുള്ള മന്ത്രിമാർ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സംഗമത്തിൽ പങ്കെടുക്കാൻ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ്.