പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ശബരിമലയിൽ മുമ്പ് വന്നിട്ടുള്ള ആളെന്ന നിലയിലെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവൻ. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയെയും അശ്വനി വൈഷ്ണവിനേയും അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിരുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലയെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്നാട്, കർണ്ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കർണ്ണാടകയിൽ നിന്ന് വരാനിരുന്നവരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തടഞ്ഞു.ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്കി യോഗി ആദിത്യനാഥ് മന്ത്രി വി എന്‍ വാസവന് കത്തയച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേരുന്നതായി യോഗി പറഞ്ഞിരുന്നു. അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയട്ടെയെന്നും യോഗി ആദിത്യനാഥ് ആശംസിച്ചിരുന്നു.
അതേ സമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പാതീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.കസേരകൾ എല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നെന്നും ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവാണെന്നും സ്ത്രീ പ്രവേശനത്തെ പറ്റി വാദിച്ച മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.