തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ വര്‍ഗീയവാദികളെ ക്ഷണിക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തിന് രാജ്യം മുഴുവൻ അംഗീകാരം നൽകി.
ആദ്യം ശക്തമായി എതിര്‍ത്ത ഒരാൾ ഇപ്പോൾ പറഞ്ഞത് ക്ഷണിച്ചാല്‍ പോകും എന്നാണ്.ഒരു വിശ്വാസിക്കും എതിരല്ല കമ്മ്യൂണിസ്റ്റ് പാർട്ടി. അത് പരസ്യമായി പറയുന്നതിൽ ഞങ്ങൾക്ക് ഒരു കുറവുമില്ല. വർഗീയതയ്ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. വിശ്വാസി സമൂഹത്തെ ചേർത്തുനിർത്തുന്ന നിലപാടുകളാണ് ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികളെ ചേർത്ത് നിർത്തി തന്നെ അന്തവിശ്വാസത്തെ ചെറുക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, യുഡിഎഫും ബിജെപിയും ബഹിഷ്‌കരിച്ച ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസിന്റെ പൂര്‍ണ്ണ പിന്തുണ നൽകിയിരുന്നു. ആഗോള അയ്യപ്പ സംഗമം നല്ല ഉദ്ദേശത്തോടെ ആകണമെന്നും അയ്യപ്പസംഗമ സമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയം പാടില്ലെന്നുമാണ് എൻഎസ്എസ്ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ആവശ്യം.