തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സമ്പൂർണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമം ഭക്തർ ബഹിഷ്കരിച്ചു. പിണറായിയുടെ കാപട്യം തിരിച്ചറിഞ്ഞ് സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങളെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്...
അയ്യപ്പഭക്തർ പൂർണ്ണമായും ബഹിഷ്കരിച്ചതോടെ സമ്പൂർണ്ണ പരാജയമായി മാറിയ അയ്യപ്പസംഗമം നൽകുന്ന സന്ദേശം വ്യക്തമാണ് - "എട്ട് വർഷത്തോളം ഞങ്ങളെ ഉപദ്രവിക്കുകയും ഞങ്ങളുടെ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്ത ശേഷം തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നാടകവുമായെത്തി ഞങ്ങളെ വിഡ്ഢികളാക്കാമെന്ന് കരുതരുത്. അത്തരം രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞിരിക്കുന്നു. കോൺഗ്രസിനെയും സിപിഎമ്മിനെയും പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരെയല്ല, ജനങ്ങളെ സേവിക്കുന്ന സത്യസന്ധരായ നേതാക്കളെയാണ് ഞങ്ങൾക്ക് വേണ്ടത്."
ഒരു എളിയ അയ്യപ്പ ഭക്തനെന്ന നിലയിൽ, കഴിഞ്ഞ 18 വർഷമായി ശബരിമല ചവിട്ടാനും സന്നിധാനത്തെത്തി പ്രാർത്ഥന നടത്താനുമുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഗമത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല, അതിനാൽ ഞാൻ പങ്കെടുത്തതുമില്ല. 22-ാം തീയതി നടക്കുന്ന ശബരിമല കർമ്മ സമിതി സംഗമത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്.
അതിൽ ഞാൻ പങ്കെടുക്കുകയും ചെയ്യും. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ വിശ്വാസത്തിൻ്റെ പേരിൽ പ്രീണനത്തിനോ ഭിന്നിപ്പിനോ ശ്രമിക്കുന്ന ഏതൊരു പാർട്ടിയെയും തുറന്നുകാട്ടുകയും ചെയ്യും. പിണറായി വിജയൻ്റെ കാപട്യം തിരിച്ചറിഞ്ഞ് ആഗോള അയ്യപ്പ സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങൾ. സ്വാമിയേ ശരണമയ്യപ്പാ.