

കോട്ടയം: തിരുവഞ്ചൂരിൽ ആഭിചാരക്രിയകളുടെ പേരിൽ യുവതിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ക്രൂരമായ ആഭിചാരക്രിയ
യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് പ്രതികൾ ആഭിചാരക്രിയ നടത്തിയത്. ക്രിയയുടെ ഭാഗമായി യുവതിക്ക് മദ്യം നൽകുകയും, ബീഡി വലിപ്പിക്കുകയും, ഭസ്മം തീറ്റിക്കുകയും ചെയ്തിരുന്നു. കൂടാതെ യുവതിക്ക് ക്രൂരമായ മർദനവും ഏൽക്കേണ്ടിവന്നു.ഈ മാസം രണ്ടാം തീയതി പകൽ 11 മണി മുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാര ക്രിയകളാണ് നടന്നതായാണ് പരാതിയിൽ പറയുന്നത്.മരിച്ചുപോയ ചില ബന്ധുക്കളുടെ ആത്മാക്കൾ യുവതിയുടെ ശരീരത്തിൽ കയറിയിട്ടുണ്ടെന്നും അത് ഒഴിപ്പിക്കാനാണ് ക്രിയകൾ നടത്തിയത് എന്നുമാണ് പ്രതികൾ അവകാശപ്പെട്ടത്.സംഭവത്തിൽ യുവതിയുടെ ഭർത്താവ് അഖിൽദാസ് (26 വയസ്സ്), ഭർതൃപിതാവ് ദാസ്,മന്ത്രവാദി തിരുവല്ല സ്വദേശി ശിവദാസ് എന്നിവരാണ് അറസ്റ്റിലായത്. ക്രൂര മർദനമേറ്റ യുവതി അച്ഛനോട് വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് റിമാൻഡ് ചെയ്തു.