തിരുവനന്തപുരം : കേരള എക്‌സ്പ്രസിൽ നിന്ന് ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത് പുകവലി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാർ പെൺകുട്ടികളുടെ അടുത്തെത്തി.അവിടെനിന്നു പുകവലിക്കാന്‍ പാടില്ലെന്നും മാറിനിന്നില്ലെങ്കില്‍ പരാതിപ്പെടും എന്നും പെണ്‍കുട്ടികള്‍ ഇയാളോടു പറഞ്ഞു. ഇതിൽ പ്രകോപിതനായ സുരേഷ് കുമാര്‍ നന്ദിയോടു സ്വദേശി ശ്രീക്കുട്ടി(19)യെ ശക്തിയായി ചവിട്ടുകയായിരുന്നു.
പെൺകുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോർട്ടിലുണ്ട്.വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച കോട്ടയം അതിരമ്പുഴയിലെയും നാഗമ്പടത്തേയും രണ്ടു ബാറുകളില്‍ കയറി മദ്യപിച്ചതിനു ശേഷമാണ് സുരേഷ് സുഹൃത്തിനൊപ്പം കേരള എക്‌സ്പ്രസിന്റെ ഏറ്റവും പിന്‍ഭാഗത്തുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽനിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 19കാരി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.