

കളമശ്ശേരി: വാട്സാപ് ചാറ്റിലൂടെ കണ്ടെത്തിയ ‘കാമുകി’ കാമുകന്റെ പുത്തൻ സ്കൂട്ടർ തട്ടിക്കൊണ്ടുപോയി. കാമുകി പോയെങ്കിൽ പോട്ടെ, അടിച്ചുമാറ്റിയ സ്കൂട്ടറെങ്കിലും തിരിച്ചുകിട്ടണം എന്ന ആവശ്യവുമായി കാമുകൻ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 24-കാരനായ കൈപ്പട്ടൂർ സ്വദേശിയാണ് പരാതിക്കാരൻ. (Scooter theft)
ചാറ്റിങ്ങിലൂടെ പ്രണയം തളിർത്തെങ്കിലും ഇരുവരും പരസ്പരം ഫോട്ടോ പോലും കൈമാറിയിരുന്നില്ല. പ്രണയം തുടങ്ങി ഒരു മാസത്തിനുശേഷം ഇരുവരും മാളിൽ കണ്ടുമുട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് യുവാവ് തന്റെ പുത്തൻ സ്കൂട്ടറുമായി മാളിൽ എത്തി പാർക്കിങ് ഏരിയയിൽ സ്കൂട്ടർ വെച്ചു. താൻ വരണമെങ്കിൽ സ്കൂട്ടർ താൻ പറയുന്ന സ്ഥലത്ത് വയ്ക്കണമെന്ന് യുവതി വാശി പിടിച്ചു. ഇതനുസരിച്ച് യുവതി പറഞ്ഞ കടയ്ക്കുമുന്നിലേക്ക് യുവാവ് സ്കൂട്ടർ മാറ്റിവെച്ചു. തുടർന്ന് യുവതി മാളിലെത്തി യുവാവിനൊപ്പം കുറേ സമയം ചെലവഴിച്ചു. കാമുകന്റെ ചെലവിൽ ചിക്കൻ ബിരിയാണിയും ഐസ്‌ക്രീമും ഒക്കെ കഴിക്കുകയും ചെയ്തു. യുവാവ് ശുചിമുറിയിൽ പോയി തിരിച്ചു വന്നപ്പോൾ യുവതിയെ കാണാനില്ല. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അപ്പോഴാണ് തന്റെ പുത്തൻ സ്കൂട്ടറിന്റെ താക്കോലും കാണാനില്ലെന്ന് മനസ്സിലായത്. സ്കൂട്ടർ സൂക്ഷിച്ച സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും സംഗതി നഷ്ടമായിരുന്നു. തുടർന്നാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.