KSRTC ബസിൽ ലൈംഗികാതിക്രമം നടത്തിയയാളെ മർദ്ദിച്ച് പെൺകുട്ടി : പ്രതികരിക്കാതെ സഹയാത്രികർ | KSRTC

തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഉടൻ ഇറക്കിവിടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു
KSRTC ബസിൽ ലൈംഗികാതിക്രമം നടത്തിയയാളെ മർദ്ദിച്ച് പെൺകുട്ടി : പ്രതികരിക്കാതെ സഹയാത്രികർ | KSRTC
Published on

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽവെച്ച് പെൺകുട്ടിക്ക് നേരെ സഹയാത്രികൻ ലൈംഗികാതിക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വെള്ളറട ഡിപ്പോയിലെ ബസിൽ കാട്ടാക്കട ഭാഗത്ത് വെച്ചാണ് സംഭവം.(Girl beats up man who sexually assaulted her in KSRTC bus, Fellow passengers fail to react)

പെൺകുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരൻ, ബാഗ് മറയാക്കിവെച്ച് ശരീരത്തിൽ പിടിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ രഹസ്യമായി പകർത്തിയ പെൺകുട്ടി ഉടൻ തന്നെ കൈ തട്ടിമാറ്റിയശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു.

ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനോട്, "ഇങ്ങനെയാണോ ബസിൽ പെരുമാറുന്നത്?" എന്ന് പെൺകുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചുവെന്നും ഇയാളെ ഉടൻ ഇറക്കിവിടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. വീഡിയോയിൽ കാണുന്നതനുസരിച്ച്, ബസിൽ ഒപ്പമുണ്ടായിരുന്ന മറ്റു യാത്രക്കാർ ആരും പ്രതികരിക്കാൻ തയ്യാറായില്ല.

തുടർന്ന് കണ്ടക്ടർ എത്തി ബസ് നിർത്തി, പെൺകുട്ടിയെ ഉപദ്രവിച്ച യാത്രക്കാരനെ ഇറക്കിവിട്ടു. തിരുവനന്തപുരം – വെള്ളറട റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. ആക്രമിയും പെൺകുട്ടിയും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

പെൺകുട്ടിക്ക് പരാതി ഇല്ലാത്തതിനാലാണ് പോലീസിൽ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. കാട്ടാക്കട പോലീസിൽ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com