

ഇന്ത്യയിലൂടേയും കേരളത്തിലൂടേയും നടത്തിയ യാത്രകളിലൂടെ പ്രശസ്‌തരായ വിദേശ സഞ്ചാരികൾ നിരവധിയാണ്. അത് പോലെ ചുരുങ്ങിയ ദിവസങ്ങളിലെ കേരള യാത്രകൾ കൊണ്ട് മലയാളികൾക്ക് ഇടയിൽ പരിചിതനായി മാറി വ്ലോഗറാണ് അലക്സാണ്ടർ വെൽഡർ. എന്നാൽ ഇപ്പോൾ അലക്സാണ്ടറുടെ അതിരപ്പള്ളി വ്ലോഗ് വീഡിയോയിലെ വരികളാണ് മലയാളികളുടെ വിമർശനത്തിന് വഴിവച്ചത്. (German Vlogger in Kerala)
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ അടുത്ത് നിന്നും ഊബർ ലഭിക്കാതിരുന്ന അലക്സാണ്ടറിന് 3 അപരിചിതരായ മലയാളി ചെറുപ്പക്കാർ ലിഫ്റ്റ് നൽകി. 'മൂന്ന് അപരിചിതർക്കൊപ്പം ഒരു സാഹസികയാത്ര' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മലയാളികളായ ചെറുപ്പക്കാർ കേരളത്തിന്റെ ആതിഥ്യ മര്യാദ മറക്കാതെ ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടയിൽ കേരളത്തിന്റെ അതിഥികൾക്ക് അവർ ചായയും ഭക്ഷണവും വാങ്ങി നൽകി. യാത്രക്കിടയിൽ ആനിയെ കണ്ടതായും അലക്സാണ്ടർ പറയുന്നു. എന്നാൽ സംഭവത്തിന്റെ ട്വിസ്റ്റ് ഇവിടെയൊന്നുമല്ല യാത്രയ്ക്കിടയിൽ വ്ലോഗിൽ തന്റെ യാത്ര സാഹസികമാണ് എന്നും അപരിചിതരായ 3 പേരുടെ കൂടെയാണ് യാത്ര നടത്തുന്നതെന്ന് പറയുമ്പോൾ അവരുടെ മതം കുടി ചേർത്താണ് അലക്സാണ്ടർ പറയുന്നത്. എന്നാൽ ആ പരാമർശം മോശമായി പോയെന്നാണ് മലയാളികളുടെ അഭിപ്രായം.
ഇത് കേരളമാണെന്നും ഒരു മതത്തേയും ഇവിടെ ഭയക്കേണ്ടതില്ലെന്നും ഒരാൾ കുറിച്ചു. 'ഞങ്ങൾ എല്ലാവരും ഒന്നാണ്, ദയവുചെയ്ത് ജാതി ചേർത്ത് ഞങ്ങളെ വിളിക്കരുത്', 'മതം ഉപയോഗിക്കുന്നതിനേക്കാൾ, മലയാളികൾ അല്ലെങ്കിൽ കേരളക്കാർ എന്ന് വിളിക്കുക', 'കേരളത്തിലെ ജനങ്ങൾ മനുഷ്യരാണ്, മതമല്ല' ഇങ്ങനെ പോകുന്നു കമന്റുകൾ.
ഇതിന് മുൻപ് ചങ്ങനാശേരിയിലെ ഒരു ബസ് സ്റ്റോപ്പിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന വീഡിയോ അലക്സാണ്ടർ പങ്ക് വയ്ക്കുകയും, അത് പിന്നെ വർത്തയായതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നഗരസഭ അത് വൃത്തിയാക്കുകയും ചെയ്തിരുന്നു