കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കേന്ദ്ര ഏജൻസികൾ ഇടപെടണമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടു. കേസിൽ പേടിക്കേണ്ടതില്ലെന്നും, അയ്യപ്പൻ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(George Kurian wants central agencies to intervene in Sabarimala gold theft case)
നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് കേസിൽ ഇടപെടാൻ സാധിക്കുമെന്നും, അവർ ഇടപെടണമെന്ന് വിശ്വസിക്കുന്നതായും ജോർജ് കുര്യൻ വ്യക്തമാക്കി. മൊഴികളിൽ ഈശ്വരതുല്യരായ ആൾക്കാരുണ്ടെന്നും, അവരെ യഥാർത്ഥ ഈശ്വരൻ (അയ്യപ്പൻ) പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ജോർജ് കുര്യൻ നിരീശ്വരവാദികളായി ചിത്രീകരിച്ചു. "അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. അവർ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചാണ് പോകുന്നത്. അത് ആശയപരമായ ഡ്യൂട്ടി ചെയ്തതിന്റെ സന്തോഷമാണ്," അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിനെതിരെ രൂക്ഷമായ വിമർശനമാണ് ജോർജ് കുര്യൻ ഉന്നയിച്ചത്. "സി.പി.എമ്മിൽ ദാരിദ്ര്യം ഉണ്ടാകാതിരിക്കാൻ സ്വർണം കട്ടുകൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ സമ്പൂർണ്ണ സമ്പന്ന പാർട്ടി എന്ന പേരിൽ അവർ പ്രഖ്യാപനം നടത്തും." ജയകുമാറിനെ വെച്ചത് അവരുടെ 'അടവ് നയമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.
അയ്യപ്പ വിശ്വാസി ആയതുകൊണ്ട് കഷ്ടിച്ച് ജയകുമാർ രക്ഷപ്പെട്ടു. 'അയ്യപ്പ സംഗമം തട്ടിപ്പായിരുന്നു' എന്ന് അയ്യപ്പന് മനസ്സിലായി എന്നും അദ്ദേഹം പരിഹസിച്ചു. ശബരിമല കേസിൽ കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.