തിരുവനന്തപുരം : തമ്പാനൂരിലെ ലോഡ്ജിനുള്ളിൽ വച്ച് യുവതിയെ കൊന്ന സുഹൃത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് അഞ്ചിനാണ് തമ്പാനൂരിലെ ലോഡ്ജിൽ വെച്ച് ഗായത്രി കൊല്ലപ്പെടുന്നത്.
വിവാഹതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്ന പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുപ്പത്തിലായത്. ഗായത്രിയെ ഇയാള്‍ പലവട്ടം ശാരീരികമായി ഉപയോഗിച്ചു.2021ൽ വെട്ടുകാട് പള്ളിയിൽ വെച്ച് ഇയാൾ ഗായത്രിയെ വിവാഹം കഴിച്ചു. എന്നാൽ ഇതിനിടെ പിണക്കത്തിലായിരുന്ന ഭാര്യയുമായി പ്രവീൺ വീണ്ടും അടുക്കകയും ഗായത്രിയെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ ചൊല്ലി ഇരുവർക്കുമിടയിൽ തർക്കമുണ്ടാവുകയും അതിനു പിന്നാലെ ഗായത്രിയെ കൊലപ്പെടുത്താൻ പ്രവീൺ പദ്ധതിയിടുകയുമായിരുന്നു.
2022 മാർച്ച് അഞ്ചിനാണ് ഗായത്രിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തിയത്. മുറിയിൽ മറ്റാരുമുണ്ടായിരുന്നില്ല.
തമ്പാനൂർ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ പ്രവീണുമായിട്ടാണ് ഗായത്രി മുറിയെടുത്തതെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ കൊല്ലം പരവൂർ സ്വദേശി പ്രവീണിനെ പൊലീസ് പിടികൂടി. പിന്നീടാണ് കൊലപാതകം തെളിയുന്നത്.
വിധിയിൽ സന്തോഷമുണ്ടെന്ന് ഗായത്രിയുടെ കുടുംബം പ്രതികരിച്ചു. ദൃക്‌സാക്ഷി ഇല്ലാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.