തിരുവനന്തപുരം: നഗരസഭയുടെ ഇലക്ട്രിക് ബസുകൾ നഗരപരിധിക്ക് പുറത്ത് സർവീസ് നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ മേയർ വി.വി. രാജേഷിനെതിരെ പരിഹാസവുമായി മുൻ കൗൺസിലർ ഗായത്രി ബാബു. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ ബസ് പാർക്ക് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗായത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.(Gayathri Babu mocks Mayor on the E-bus controversy in Trivandrum)
നഗരത്തിനകത്ത് നാല് ബസുകൾ ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. രണ്ടെണ്ണം മേയർക്ക് പൈലറ്റ് പോകാൻ ഉപയോഗിക്കാം. ബാക്കി 107 എണ്ണം എവിടെ ഇടും എന്നതല്ലേ ചോദ്യമെന്ന് ഗായത്രി പരിഹസിച്ചു.
പൊതുഗതാഗത വാഹനങ്ങൾ നഗരത്തിനുള്ളിൽ മാത്രം കറങ്ങിയാൽ നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടില്ല. നഗരത്തിന് പുറത്തുള്ള (സബർബൻ) മേഖലകളെ നഗരവുമായി ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനം അത്യാവശ്യമാണ്. കരാറിൽ തന്നെ പീക്ക് ടൈമിന് ശേഷം സബർബൻ സേവനം നൽകാമെന്ന് വ്യവസ്ഥയുണ്ട്. നെയ്യാറ്റിൻകരയിലുള്ളവർക്കും നെടുമങ്ങാട്ടുള്ളവർക്കും നഗരത്തിലേക്ക് വരേണ്ടതില്ലേ എന്ന് ഗായത്രി ചോദിച്ചു. ആകെ മൂന്നോ നാലോ കിലോമീറ്റർ മാത്രമാണ് നഗരത്തിന് പുറത്ത് ഈ ബസുകൾ ഓടുന്നത്.
"പറ്റില്ലെങ്കിൽ തിരിച്ചെടുത്തോളൂ" എന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മറുപടി ശരിയായ ഒന്നൊന്നര പറച്ചിലായിരുന്നുവെന്നും അവർ കുറിപ്പിൽ പറഞ്ഞു.