

കൊച്ചി: വിദ്യാഭ്യാസത്തിന്റെ പേരിൽ കൊച്ചിയിൽ നടക്കുന്ന വൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി നടി ഗായത്രി അരുൺ. ഒരു പ്രമുഖ ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ട് തന്റെ ചിത്രം ഉപയോഗിച്ച് വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇതിനകം 300-ലേറെ കുട്ടികൾ പണം നഷ്ടപ്പെട്ട് വഞ്ചിക്കപ്പെട്ടതായും താരം വ്യക്തമാക്കി. 2024 സെപ്റ്റംബറിൽ താൻ ഉദ്ഘാടനം ചെയ്ത സ്ഥാപനം, തന്റെ അനുവാദമില്ലാതെ ചിത്രം മാർക്കറ്റിംഗിനായി ഉപയോഗിക്കുകയാണ്. ഇതിനെതിരെ താരം നിയമപരമായി നോട്ടീസ് അയച്ചു കഴിഞ്ഞു.
സ്ഥാപനത്തിന് പണം നൽകിയ ശേഷം അധികൃതരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കാട്ടി നിരവധി വിദ്യാർത്ഥികൾ പരാതിയുമായി ഗൂഗിൾ റിവ്യൂ പരിശോധിച്ചപ്പോൾ നൂറുകണക്കിന് പേർ സമാനമായ പരാതികൾ ഉന്നയിച്ചിട്ടുള്ളതായി കണ്ടെത്തി. പണമടച്ച ശേഷം വിദ്യാർത്ഥികൾ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ല.
തട്ടിപ്പിനിരയായ വിദ്യാർത്ഥികളും മാതാപിതാക്കളും ഒട്ടും സമയം കളയാതെ പോലീസിൽ പരാതി നൽകണമെന്നും നിയമപരമായി മുന്നോട്ട് പോകണമെന്നും ഗായത്രി അഭ്യർത്ഥിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
പി.ആർ. ഏജൻസികൾ വഴിയാണ് ഇത്തരം ഉദ്ഘാടനങ്ങൾ വരുന്നത്. ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താൻ പങ്കെടുത്തതെന്നും എന്നാൽ അതിനുശേഷം സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഗായത്രി വ്യക്തമാക്കി. ഇനിയും ആരും ഈ കെണിയിൽ വീഴാതിരിക്കാനാണ് വീഡിയോ പങ്കുവെക്കുന്നതെന്നും അവർ പറഞ്ഞു.