എറണാകുളം ജനറൽ ആശുപത്രിൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം ഒരു മാസത്തിനുള്ളിൽ ആരംഭിക്കും; മന്ത്രി വീണാ ജോർജ്

Veena George
Published on

എറണാകുളം ജനറൽ ആശുപത്രിയിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ഒരു മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനറൽ ആശുപത്രിയിൽ നവീകരിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ മോർച്ചറി, ക്വീർ സൗഹാർദ്ദ ക്ലിനിക്, സ്ട്രോക് ഐ.സി.യു, നവീകരിച്ച കാത് ലാബ്, ശ്രുതി തരംഗം പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം ആരംഭിക്കുന്നതോടെ യാഥാർത്ഥ്യമാവുന്നത് കൊച്ചിയുടെ എല്ലാ കാലത്തെയും ആവശ്യമാണ്. രാജ്യത്തെ ആദ്യ ക്വീർ സൗഹാർദ്ദ ക്ലിനിക് എന്നതുൾപ്പടെ നിരവധി അഭിമാനകരമായ നേട്ടങ്ങളാണ് ജനറൽ ആശുപത്രിക്ക് സ്വന്തമായിട്ടുള്ളത്. രാജ്യത്താദ്യമായി വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ ചെയ്ത ജില്ലാ ആശുപത്രി, ഓപ്പൺ ഹാർട്ട് സർജറി ചെയ്ത ജില്ലാ ആശുപത്രി എന്നീ നേട്ടങ്ങൾ എറണാകുളം ജനറൽ ആശുപത്രിക്ക് സ്വന്തമാണ്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്, മന്ത്രി വ്യക്തമാക്കി.

2024 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് ബ്ലോക്കിൽ 162 രോഗികൾക്കാണ് ഒരു ദിവസം കീമോ ഡയാലിസിസ് ചെയ്യുന്നത്. ജനറൽ ആശുപത്രിയിൽ 76 കോടി രൂപ ചെലവഴിച്ചാണ് ഏഴ് നിലകളിലായി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചത്. കൂടാതെ 22 കോടിയിലധികം രൂപയുടെ ഉപകരണങ്ങളും സജ്ജമാക്കിയിരിക്കുന്നു. നൂതന ട്രോമ കെയർ മെഷീനുകൾ, കാർഡിയാക് കാത് ലാബ്, 16 കിടക്കകളുള്ള മെഡിക്കൽ ഐ.സി.യു, ഒ.പി. കൗണ്ടർ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, സ്പെഷ്യാലിറ്റി ബ്ലോക്ക് എക്സ്റ്റൻഷൻ, ലീനിയർ ആക്സിലറേറ്റർ, പൊള്ളലേറ്റ് ഉണ്ടാകുന്ന പരിക്കുകൾ ശാസ്ത്രീയമായി ചികിത്സിക്കുന്ന ബേൺസ് യൂണിറ്റ്, 25 കോടി രൂപ മുടക്കി നിർമ്മിച്ച 105 രോഗികളെ കിടത്തി ചികിത്സിക്കാൻ സാധിക്കുന്ന ആറ് നിലകളുള്ള കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങി നിരവധി നേട്ടങ്ങളാണ് എറണാകുളം ജനറൽ ആശുപത്രി സ്വന്തമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

ജനറൽ ആശുപത്രിയിൽ ഐ.പി. ബ്ലോക്ക് നിർമ്മിക്കുന്നത് സജീവ പരിഗണനയിലുണ്ടെന്നും അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ടി.ജെ വിനോദ് എം.എൽ.എ അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച റിസപ്ഷൻ ഏരിയ, വെയ്റ്റിങ് ഏരിയ, പാർക്കിംഗ് ഏരിയ, ഇൻക്വസ്റ്റ് റൂം, അക്കാദമിക് റൂം, ഓട്ടോപ്സി ഏരിയ, ഫ്രീസർ മോർച്ചറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് മോർച്ചറി സമുച്ചയം നവീകരിച്ചിരിക്കുന്നത്. ആശുപത്രി വികസന സമിതിയുടെ 13 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്വീർ സൗഹാർദ്ദ ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. പ്ലാൻ ഫണ്ട് മുഖാന്തരം ലഭിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് മസ്തിഷ്കാഘാതം ചികിത്സിക്കാൻ ഉതകുന്ന എല്ലാത്തരം ഉപകരണങ്ങളും ഉൾപ്പെടുത്തി സ്ട്രോക് ഐ. സി.യു. ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി വികസന സമിതിയുടെ ഒന്നര കോടി രൂപയാണ് കാത് ലാബ് പുനരുദ്ധാരണത്തിനായി വിനിയോഗിച്ചത്. കൂടാതെ മൂന്ന് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാൻ്റേഷൻ സർജറി ചെയ്ത് നൽകുന്ന ശ്രുതി തരംഗം പദ്ധതിയും ആരംഭിച്ചു. ഇതിനായി ഒരു പ്രത്യേക ഓപ്പറേഷൻ തിയറ്ററും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ആശുപത്രിയിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന അവയവദാന ക്യാമ്പിൻ്റെ ഉദ്ഘാടനം ചലച്ചിത്ര താരം വിനയ് ഫോർട്ട് നിർവഹിച്ചു.സംസ്ഥാനത്താദ്യമായി പാലിയേറ്റീവ് ട്രെയ്നിങ് പൂർത്തിയാക്കിയ ട്രാൻസ് വ്യക്തികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.

ചടങ്ങിൽ ടി. ജെ വിനോദ് എം.എൽ.എ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി, ജനറൽ ആശുപത്രി സൂപ്രണ്ട് ആർ. ഷാഹിർഷാ, ആർ.എം.ഒ ഡോ. കെ. അമീറ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com