മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചും സംഘപരിവാറിനെ വിമർശിച്ചും കെടി ജലീലിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ കവിത. ഇസ്രയേല്‍ ചെകുത്താന്റെ ക്രൗര്യത്തോടെ ഗാസയ്ക്കുമേല്‍ തീക്കാറ്റുവീശി നാശം വിതയ്ക്കുന്നു.'ഗസ്സേ കേരളമുണ്ട് കൂടെ' എന്ന കവിതയാണ് കെ.ടി ജലീല്‍ തന്റെ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.
കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ച കവിതയുടെ പൂർണ രൂപം....
ഗസ്സേ കേരളമുണ്ട് കൂടെ!
കൊല്ലപ്പെടുന്നവർക്കറിയില്ല,
എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്!
വധിക്കുന്നവർക്കറിയില്ല,
എന്തിനാണ് വധിക്കുന്നതെന്ന്!
പാതി വെന്ത മനുഷ്യമാംസത്തിൻ്റെ
ഗന്ധമാണ്,
ഗസ്സയുടെ ആകാശം മുഴവൻ!
കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ
മണമാണ്,
ഗസ്സയുടെ തെരുവുകളിലെല്ലാം!
ഗസ്സയിൽ ഉയരുന്ന ആർത്തനാദം കേട്ട്,
കരയാത്ത കണ്ണുകൾ കാണില്ലെവിടെയും!
തീഗോളങ്ങൾ ഗസ്സയുടെ മാറിൽ പതിച്ച്,
ഘോര ശബ്ദത്താൽ പൊട്ടിത്തെറിക്കുന്നു!
ഗസ്സയുടെ യശസ്സുയർത്തി നിന്ന മന്ദിരങ്ങൾ, ഒന്നൊന്നായ് നിലംപൊത്തി വീഴുന്നു!
മാനംമുട്ടെ ഉയരുന്ന അഗ്നിമലകൾ,
ഗസ്സയെ നക്കിത്തുടച്ച് വെണ്ണീറാക്കുന്നു!
അതി സുന്ദരിയായ് ശിരസ്സുയർത്തിയ ഗസ്സ,
വെറുമൊരു അസ്ഥിപഞ്ജരമായിരിക്കുന്നു!
ലക്ഷോപലക്ഷങ്ങൾ രാപ്പാർത്ത ഗസ്സ, വിഹ്വലതയിൽ വിറങ്ങലിച്ച് നിൽക്കുന്നു!
ചെകുത്താൻ്റെ ക്രൗര്യത്തോടെ ഇസ്രയേൽ,
ഗസ്സക്കുമേൽ തീക്കാറ്റ് വീശി നാശം വിതച്ചു!
ഗസ്സയുടെ കരൾ പറിച്ച് ചവച്ച് തുപ്പി,
പിശാചിനെപ്പോൽ നെതന്യാഹു അലറി!
പിഞ്ചു പൈതങ്ങളും കുട്ടികളും സ്ത്രീകളും, ഗസ്സയുടെ മണ്ണിനെ ഹൃദ്രക്തത്തിൽ ചാലിച്ചു!
പിടയുന്ന കുഞ്ഞുങ്ങളും ചിതറിത്തെറിച്ച
ചോരയും,
ഗസ്സയെ ശവപ്പറമ്പാക്കി!
തെമ്മാടി രാജ്യമെന്ന് കേരള മുഖ്യൻ വിളിച്ച,
ഇസ്റയേൽ ഗസ്സയെ നക്കിത്തുടച്ചു!
ഗസ്സാ നിൻ നിലവിളി കേട്ട് മനമുരുകുന്നു!
ഗസ്സാ നിൻ കണ്ണീർ ഹൃദയം തകർക്കുന്നു!
ഗസ്സാ നിൻ രൂപം കരൾ പിളർത്തുന്നു!
ഗസ്സാ നിൻ നിസ്സഹായത മനസ്സുലക്കുന്നു!
ഗസ്സാ നിൻ പരിമിതി മനുഷ്യരെ മഥിക്കുന്നു!
ഗസ്സാ നിന്നോടു കൂടാൻ മനസ്സ് വെമ്പുന്നു!
ഗസ്സാ നിന്നോട് ചേരാൻ ഹൃദയം തുടിക്കുന്നു!
ഗസ്സാ നിന്നോട് മാനവർ ഐക്യപ്പെടുന്നു!
ഗസ്സാ നിന്നോടിടതുചേരി ഇഴുകിച്ചേരുന്നു!
ഗസ്സാ നിന്നോട് കേരളം നമസ്കരിക്കുന്നു!
ഗസ്സേ മലയാളമക്കൾ നിന്നോടൊപ്പമുണ്ട്!
തെരുവിൽ കോളേജിൽ സ്കൂളിലെല്ലാം,
നിനക്കായവർ ശബ്ദമുയർത്തുന്നു!
അതു സഹിക്കാൻ സംഘികൾക്കാവുന്നില്ല!
അവർ അപശബ്ദങ്ങൾ ഉതിർക്കുന്നു!
അതിനൊന്നും വഴങ്ങുന്ന സർക്കാരല്ല, ഇവിടെ ഈ കേരളം ഭരിക്കുന്നത്!
പിണറായി തേര് തെളിക്കുന്ന കേരളം,
എപ്പോഴുമെപ്പോഴും കൂടെയുണ്ട് ഗസ്സേ!
ഗസ്സേ നീയാണ് സത്യം! സത്യമേവ ജയതേ!