
പുതിയങ്ങാടി: കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ ഇന്ന് (വെള്ളിയാഴ്ച) രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.
ഒറീസ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻതന്നെ പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ നാല് പേർ ചികിത്സയിലാണ്. നിസ്സാര പരിക്കേറ്റ മൂന്ന് പേർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.