ആലപ്പുഴ : ചേർത്തല സെന്റ് മേരീസ് പാലത്തിന് സമീപമുള്ള ബ്രൂഫിയ റെസ്റ്റോറൻ്റിൽ ഗുണ്ടാ ആക്രമണം. ആളുമാറി നടന്ന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കാപ്പ ചുമത്തപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ് അതിക്രമം നടത്തിയത്.(Gangster attack hotel in Alappuzha, 4 injured)
വാഹനത്തിന് സൈഡ് നൽകാത്തത് ചോദ്യം ചെയ്യാനായാണ് ചേർത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലിൽ എത്തിയത്. വാഹനം ഓടിച്ചയാൾ ഹോട്ടലിലെ ജീവനക്കാരനാണെന്ന തെറ്റിദ്ധാരണയിലാണ് ഇവർ ആക്രമണം നടത്തിയത്.
ഹോട്ടലിലെ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും ഉൾപ്പെടെ ഇവർ മർദ്ദിച്ചു. പിന്നീടാണ് ആളു മാറിയെന്ന് ഇവർക്ക് മനസ്സിലായത്. ആക്രമണത്തിന് നേതൃത്വം നൽകിയ അഭിറാം ആലപ്പുഴ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട അഭിറാം രണ്ട് മാസം മുൻപാണ് തിരിച്ചെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അഭിറാമിനെയും ദീപുവിനെയും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.