തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഒരു ഹോട്ടലിൽ സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് തമ്മിലടി നടന്നത്. ലഹരി കേസിലെയും കൊലപാതക കേസിലെയും പ്രതികളുൾപ്പെടെ നിരവധി പേർ പാർട്ടിയിൽ പങ്കെടുത്തതായും റിപ്പോർട്ടുണ്ട്.(Gang fight during DJ party at hotel in capital)
സംഭവത്തിൽ തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. അടിപിടിയിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും റോഡിൽ നടന്ന തല്ലിന് പോലീസ് സ്വമേധയാ കേസെടുക്കും. ഹോട്ടലിൽ സംഘടിപ്പിച്ച പാർട്ടിക്കുശേഷം റോഡിലും ചേരിതിരിഞ്ഞ് അടി നടന്നിരുന്നു. ഡിജെ പാർട്ടി സംഘടിപ്പിക്കുകയും തല്ലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഹോട്ടലിനോട് വിശദീകരണം തേടി പോലീസ് നോട്ടീസ് അയച്ചത്.
ഡിജെ സംഘടിപ്പിച്ച ഹാളിൽ സിസിടിവി ഉണ്ടായിരുന്നില്ലെന്നും സംഘാടകരുടെ വിവരങ്ങൾ പോലീസിന് കൈമാറിയിരുന്നില്ലെന്നും നോട്ടീസിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അടിപിടിയിൽ പരിക്കേറ്റ ഒരാൾ ആദ്യം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. നിലവിൽ പരാതിക്കാർ ആരുമില്ലെന്നാണ് പോലീസ് പറയുന്നത്.