3 ലക്ഷം രൂപയ്ക്ക് കരാർ: രാഗം തീയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ചത് ക്വട്ടേഷൻ സംഘം; 4 പേർ കസ്റ്റഡിയിൽ, ലക്ഷ്യം കൊലപാതകം | Ragam theater

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
3 ലക്ഷം രൂപയ്ക്ക് കരാർ: രാഗം തീയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ചത് ക്വട്ടേഷൻ സംഘം; 4 പേർ കസ്റ്റഡിയിൽ, ലക്ഷ്യം കൊലപാതകം | Ragam theater

തൃശൂർ: രാഗം തീയേറ്റർ നടത്തിപ്പുകാരൻ സുനിലിനെ ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെ നാലു പേർ പോലീസ് കസ്റ്റഡിയിലായി. തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് പോലീസിൻ്റെ പിടിയിലായത്. ഒരു പ്രവാസി വ്യവസായിയാണ് ആക്രമണത്തിനായി മൂന്നു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതെന്നും പോലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.(Gang attacks Ragam theater operator, 4 people in custody)

കഴിഞ്ഞ രാത്രി പത്ത് മണിയോടെ വെളപ്പായയിലെ സുനിലിൻ്റെ വീടിന് മുന്നിൽ വെച്ചാണ് ക്വട്ടേഷൻ ആക്രമണം നടന്നത്. കാറിൽ വന്നിറങ്ങി ഗേറ്റ് തുറക്കാനിറങ്ങിയ സുനിലിൻ്റെ ഡ്രൈവറെയും തുടർന്ന് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിൻ്റെ മൊഴി.

സുനിലിന് നേരെ ഒരു വർഷം മുമ്പ് തീയേറ്ററിൽ വെച്ച് നടന്ന വധഭീഷണിക്കേസിലെ പ്രതിയാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള സിജോ. ഇപ്പോഴത്തെ ആക്രമണം അതിൻ്റെ തുടർച്ചയാണെന്നാണ് പോലീസ് കരുതുന്നത്. പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി പോലീസിന് നിർണായക വിവരം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. റോഡരികിലെ സി.സി.ടി.വി. പരിശോധനയിൽ നിന്നാണ് പ്രതികൾ ഉപയോഗിച്ച കാർ തിരിച്ചറിഞ്ഞത്.

ഈ കാർ പ്രവാസി വ്യവസായിയുടെ വിശ്വസ്തൻ്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സുനിലുമായി ചില സിനിമാ സാമ്പത്തിക ഇടപാടുകൾ പ്രവാസി വ്യവസായിക്കുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്നാണ് ക്വട്ടേഷൻ നൽകിയത്. നിലവിൽ ആക്രമിക്കാൻ എത്തിയ മൂന്ന് പേർ ഒളിവിലാണ്. പ്രതികൾ വലയിലായതോടെ, ക്വട്ടേഷൻ നൽകിയ പ്രവാസി വ്യവസായിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

Related Stories

No stories found.
Times Kerala
timeskerala.com