

കോട്ടയം: എസ്എൻഡിപി-എൻഎസ്എസ് ഐക്യനീക്കത്തെ പൂർണ്ണമായും സ്വാഗതം ചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ( G Sukumaran Nair). എസ്എൻഡിപി യോഗം പ്രതിനിധികളെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി കൗൺസിൽ അംഗീകാരം നൽകിയെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
രണ്ട് പ്രബല ഹിന്ദു സമുദായങ്ങൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്എൻഡിപി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഔദ്യോഗിക തീരുമാനമെടുക്കും. മുൻപ് സംവരണ വിഷയത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും നിലവിൽ ഇരു സംഘടനകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ഈ ബന്ധം തിരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യനീക്കത്തെ വർഗ്ഗീയത എന്ന് വിളിക്കുന്നവരെ പുച്ഛിച്ചു തള്ളുന്നതായും രാഷ്ട്രീയ മുതലെടുപ്പിനായി മറ്റുള്ളവരാണ് വർഗ്ഗീയത കളിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി നടത്തിയത്. വി.ഡി. സതീശൻ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും കോൺഗ്രസുകാർ വെറുതെ പെരുപ്പിച്ചു കാണിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. സതീശനെ എന്തിനാണ് ഇത്ര വലിയ നേതാവായി ഉയർത്തിക്കാട്ടുന്നത്. കെപിസിസി പ്രസിഡന്റിനെയല്ലേ ഉയർത്തിക്കാട്ടേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിൽ നിന്ന് നിലവിൽ അനുനയ നീക്കങ്ങളൊന്നുമില്ലെന്നും സമുദായത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചു തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NSS General Secretary G. Sukumaran Nair has officially welcomed the unification move with SNDP, stating that the alliance between the two major Hindu communities is a necessity of the times. Following SNDP's council approval, Nair invited their representatives to Perunna for further talks, confirming that the unity would persist beyond the elections. He also took a sharp dig at Opposition Leader V.D. Satheesan, dismissing him as an overrated figure inflated by Congress supporters and reiterating that the NSS maintains its policy of equidistance.