'നാലുചിറ പാലത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല' : ജി സുധാകരൻ | Bridge

പാർട്ടി നോട്ടീസിലെ ഒഴിവാക്കലിന് പിന്നാലെയാണ് ഈ തീരുമാനം.
'നാലുചിറ പാലത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല' : ജി സുധാകരൻ | Bridge
Published on

ആലപ്പുഴ: തോട്ടപ്പള്ളി നാലുചിറ പാലത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുതിർന്ന സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ വ്യക്തമാക്കി. പാലത്തിൻ്റെ നിർമാണാനുമതി നൽകുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തത് സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്.(G Sudhakaran Will not attend the inauguration ceremony of the Naluchira Bridge)

എച്ച്. സലാം എം.എൽ.എ. ജി. സുധാകരൻ്റെ വീട്ടിലെത്തിയാണ് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ മാസം 27-ന് പാലം ഉദ്ഘാടനം ചെയ്യുന്നത്. ക്ഷണിക്കാനായി എച്ച്. സലാം വീട്ടിലെത്തിയപ്പോൾ ജി. സുധാകരൻ അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് ക്ഷണക്കത്തും നോട്ടീസും വീട്ടിൽ ഏൽപ്പിച്ച് എം.എൽ.എ. മടങ്ങുകയായിരുന്നു. എന്നാൽ, ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് സുധാകരൻ പിന്നീട് നിലപാട് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ പാലം ഉദ്ഘാടനത്തിൻ്റെ പ്രോഗ്രാം നോട്ടീസിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എം.പിക്കും ഒപ്പം ജി. സുധാകരൻ്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരുന്നു. വിശിഷ്ടാതിഥിയായിട്ടാണ് സുധാകരനെ ഉൾപ്പെടുത്തിയിരുന്നത്.

വർഷങ്ങൾക്കുശേഷം ഒരു സർക്കാർ പരിപാടിയുടെ നോട്ടീസിൽ ജി. സുധാകരൻ്റെ പേരും ചിത്രവും ഉൾപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ഏറെനാളായി പാർട്ടി നേതൃത്വവുമായി അതൃപ്തി തുടരുന്ന അദ്ദേഹത്തെ നേരത്തെ സി.പി.എം. നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ, സി.പി.എം. തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിൽ ജി. സുധാകരൻ്റെ പേര് ഒഴിവാക്കിയിരുന്നു എന്നതും വിവാദമായിട്ടുണ്ട്. പാർട്ടി നോട്ടീസിലെ ഒഴിവാക്കലിന് പിന്നാലെയാണ് ഔദ്യോഗിക ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനുള്ള ജി. സുധാകരൻ്റെ തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com