ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി. സുധാകരന്റെ പേരും ചിത്രവും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നു. ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ ജി. സുധാകരൻ തന്നെയാണ് പുറത്തുവിട്ടത്.(G Sudhakaran says obscene posts are being circulated on social media in his name)
"സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു" എന്ന തലക്കെട്ടോടെയാണ് പ്രധാനമായും ഒരു അശ്ലീല കുറിപ്പ് പ്രചരിക്കുന്നത്. സമാനമായ രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള നിരവധി പോസ്റ്ററുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നുണ്ടെന്നും, ഇത് തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ ഗുരുതരമായ സൈബർ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൈബർ പോലീസ് ഈ വിഷയത്തിൽ അടിയന്തരമായി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.
ജി. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്
മുന്നറിയിപ്പ്:
ജാഗ്രത !
'സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു.
കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്.