തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുന്നതിനായി ഒരു ഉപസമിതി രൂപീകരിക്കുമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. അന്തിമ തീരുമാനം ആകുന്നതുവരെ പദ്ധതിയുടെ തുടർ നടപടികൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.(Further steps of PM SHRI scheme has been frozen, says MA Baby)
പി.എം. ശ്രീ വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസ്വാഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നൽകുമെന്ന് അന്ന് താൻ പറഞ്ഞിരുന്നെന്നും എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
പി.എം. ശ്രീ വിഷയത്തിലെ ഭിന്നതയുടെ പേരിൽ മുന്നണി ദുർബലമാകും എന്നടക്കം ചില മാധ്യമങ്ങൾ 'മനക്കോട്ട കെട്ടിയെന്ന്' എം.എ. ബേബി വിമർശിച്ചു. കേരളത്തിലെ നേതൃത്വം ഈ വിഷയത്തിൽ വളരെ പക്വതയോടെയാണ് പ്രവർത്തിച്ചത് എന്നും, സി.പി.ഐ. നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ് എന്നും, ചില സാഹചര്യത്തിൽ ചിലത് പറഞ്ഞുപോകും, അത് അങ്ങനെ തന്നെ ഇരു കൂട്ടരും കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായോ എന്ന് ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നയം മാറ്റി' എന്നൊക്കെ പറഞ്ഞവർ തന്നെ ഇപ്പോൾ അക്കാര്യം വിശദീകരിച്ചു കഴിഞ്ഞുവെന്നും എം.എ. ബേബി സൂചിപ്പിച്ചു. പോളിറ്റ് ബ്യൂറോ ഈ വിഷയം പരിശോധിച്ചിട്ടില്ലെന്നും ഉടൻ തന്നെ പി.ബി. യോഗം ചേരാനിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.